കുട്ടികള്‍ക്കും അമ്മമാര്‍ക്കും
അച്ഛന് പണികഴിഞ്ഞെത്തിയാല്‍ കുഞ്ഞിനെ മുത്തമിടാന്‍ ഓടിയെത്തും അപ്പൊഴേയ്ക്കമ്മ തടുക്കും: "കൈ സോപ്പിട്ടു വൃത്തിയാക്കീട്ടേ തൊടാവൂ!" സോപ്പിട്ടിടയ്ക്കിടെ കൈ കഴുകീല്ലെങ്കില് ചീത്തവിളിക്കുമെല്ലാരേം കാരണമെന്തെന്നു ചോദിച്ചാല്‍, അമ്മ "കൊ- റോണ"യെന്നെല്ലാം പറയും. കുന്തമുനയ്ക്കൊത്തു ചുറ്റിലും മുള്ളുള്ള പന്തുപോലുള്ളതാണത്രേ വായിലും മൂക്കിലും കേറുമത്രേ, പ്രാണ വായുകിട്ടാതെ മരിക്കുമത്രേ! സോപ്പിന്പതയിട്ടു കൈ കഴുകുന്നേരം കൂട്ടിപ്പിടിച്ചു കുഴല്പോല് എന്നിട്ടതിലൂടെ ഊതിയപ്പോളതാ പൊങ്ങുന്നു നൂറു കുമിള! "മാരിവില്‍ മിന്നും കുമിളയിലൊന്നില് നാം കേറിയിരുന്നെങ്കിലമ്മേ, കീടാണു തോറ്റു തുലഞ്ഞുപോം, നമ്മള്‍ക്കു പേടികൂടാതങ്ങു വാഴാം!" പൊങ്ങും കുമിളകള്‍ നോക്കിനിന്നിട്ടമ്മ ചൊന്നതിന്നര്ത്ഥമെന്താവോ: "സോപ്പുകുമിളയീ ഭൂമിയും- ആയതില്‍ പാര്‍ക്കുമീ നമ്മുടെ വാഴ്വും!"