തടങ്കല്‍ – 1

അല്‍ബേര്‍ കമ്യു

ഭാഗം 1 പ്രാരംഭം

(വായുസേനയുടെ നിരീക്ഷണപ്പറക്കലിന്റെ സൈറണ്‍ ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലസംഗീതം. തിരശ്ശീല ഉയരുമ്പോള്‍ അരങ്ങ് ഇരുട്ടിലാണ്. സാവധാനം സംഗീതം നിലയ്ക്കുന്നു. അപ്പോഴും സൈറണ്‍ തുടരുന്നുണ്ട്. പൊടുന്നനെ അരങ്ങിനു വലതുവശത്ത് മുകളിലായി ഒരു വാല്‍നക്ഷത്രം പ്രത്യക്ഷമായി. അതു പതുക്കെ ആകാശമാര്‍ഗ്ഗം ഇടതുഭാഗത്തേക്ക് നീങ്ങുകയാണ്. അതിന്റെ പ്രകാശത്തില്‍ ഒരു സ്പാനിഷ് നഗരത്തിന്റെ എടുപ്പുകളുടെ രൂപരേഖ തെളിയുന്നു. ഒരു കൂട്ടം ആളുകള്‍ അവിടെ, ആ വാല്‍നക്ഷത്രത്തെ നോക്കിക്കൊണ്ട്, സദസ്സിനു പുറംതിരിഞ്ഞു നില്‍ക്കുന്നതു കാണാം. ക്ലോക്കില്‍ മണി നാലടിച്ചു. താഴെ കൊടുക്കുന്ന സംഭാഷണം മുറിഞ്ഞും അവ്യക്തമായും ഉയരുന്നു.)
ഇതു ലോകാവസാനമാണ്.
വിഡ്ഢിത്തം പറയാതെ!
ലോകാവസാനമാണെങ്കില്‍…
എന്നാലും സ്പെയിനിന് ഒന്നും സംഭവിക്കില്ല.
സ്പെയിനും അവസാനിക്കും.
എല്ലാരും മുട്ടുകുത്തിക്കോ. കരുണയ്ക്കായി പ്രാര്‍ത്ഥിച്ചോ!
നാശത്തിന്റെ നക്ഷത്രമാണത്.
സ്പെയിനിന്റെ അല്ല. സ്പെയിനിന് നാശമില്ല.!
(ആള്‍ക്കൂട്ടം പതുക്കെ അനങ്ങിത്തുടങ്ങി. രണ്ടുമൂന്നാളുകള്‍ തല ചെരിച്ചു നോക്കി. ചിലര്‍ ജാഗ്രതയോടെ അങ്ങിങ്ങു സ്ഥാനം മാറി. വീണ്ടും നിശ്ചലരായി. അതേസമയം പശ്ചാത്തലത്തില്‍ ഒരു മുഴക്കം പതുക്കെപ്പതുക്കെ ഉയര്‍ന്നുയര്‍ന്ന് ഭയപ്പെടുത്തുംവിധം ഉച്ചസ്ഥായിയില്‍ എത്തുന്നു. ഒപ്പം വാല്‍നക്ഷത്രത്തിനും വലുപ്പം വര്‍ദ്ധിച്ചുവന്നു. പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി ഉയര്‍ന്നു. അതോടെ മുഴക്കം നിലച്ചു. വാല്‍നക്ഷത്രം പഴയപടിയിലേക്ക് രൂപാന്തരപ്പെട്ടു. പ്രാണവായുവിനു വേണ്ടി പിടയുന്നതുപോലെ കാണപ്പെട്ട ആ സ്ത്രീ ഓടിമറഞ്ഞു. ആള്‍ക്കൂട്ടം ഒന്നിളകി. ഇനി വരുന്ന സംഭാഷണം നേരത്തേ കേട്ടതിനേക്കാള്‍ അല്പം കൂടി ഉറക്കെയാണ്. അതു നമുക്കു വ്യക്തമായി കേള്‍ക്കാം.)
ഒരു യുദ്ധത്തിന്റെ സൂചനയാണത്.
ശരിയാണ്.
ഏയ്. അതൊന്നുല്ല.
ഒരുപക്ഷ, അങ്ങനെയുമാവാം.
വിഡ്ഢിത്തം! ചൂടാണ് വെറും ചൂട്!
കാഡിസിന്റെ ചൂട്
മതി മതി.
ഭയങ്കരം തന്നെ, ആ ശബ്ദം
ചെവി പൊട്ടിപ്പോകും
നമ്മുടെ നഗരം ശപിക്കപ്പെട്ടു
കഷ്ടം! പാവം കാഡിസ്, നീ ശപിക്കപ്പെട്ടുകഴിഞ്ഞു.
മിണ്ടാതെ.. ഒച്ചവെക്കാതെ..
(അവര്‍ വാല്‍നക്ഷത്രത്തെ നോക്കിക്കൊണ്ടു നില്‍ക്കെ, ഒരു കാവല്‍ക്കാരന്‍ ഓഫീസറുടെ ശബ്ദം ഉയര്‍ന്നു.)
ഓഫീസര്‍: എല്ലാവരും വീട്ടിലേക്കു പോകൂ. കണ്ടതു കണ്ടു. അതുമതി. ഇതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാഡിസിന് ഒരു കുഴപ്പവും വരാനില്ല.
ഒരു ശബ്ദം : എന്നാലും അതൊരു മുന്നറിയിപ്പാണ്. ആകാശത്തു പ്രത്യക്ഷപ്പെടുന്ന അപശകുനങ്ങള്‍.
ഒരു ശബ്ദം : ദൈവമേ! സര്‍വ്വശക്തനായ ദൈവമേ!
ഒരു ശബ്ദം : യുദ്ധം വരാന്‍ പോകുന്നു. അതിന്റെ അടയാളമാണത്.
ഒരു ശബ്ദം : പൊട്ടാ! അതൊക്കെ തള്ളപ്പെണ്ണുങ്ങള്‍ കെട്ടിയുണ്ടാക്കിയ പഴങ്കഥയാ. നമ്മളിന്ന് ബുദ്ധിയുള്ളവരാണ്. അത്തരം അന്ധവിശ്വാസങ്ങളും അസംബന്ധങ്ങളും ഇക്കാലത്ത് വിലപ്പോവില്ല.
ഒരു ശബ്ദം : ഈ പറയുന്നവരാണ് ഇക്കാലത്ത് കുഴപ്പത്തില്‍ ചെന്നു ചാടുന്നത്. തലയ്ക്കുള്ളില്‍ ഒന്നുമില്ലാത്ത വെറും പന്നികളാണ് ഇപ്പറയുന്ന ബുദ്ധിമാന്‍മാര്‍! പന്നികളെപ്പോലെ കഴുത്തു കണ്ടിച്ചുപോകുന്നത് അറിയില്ല.
ഓഫീസര്‍ : പോ. വീട്ടില്‍ പോ. യുദ്ധമൊക്കെ ഞങ്ങളു നോക്കിക്കോളാം. നിങ്ങളു വേണ്ട.
നാഡ : ഓ! അങ്ങനെയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! യുദ്ധമുണ്ടായാല്‍ എന്താ സംഭവിക്ക്യാ? ആപ്പീസര്‍മാര് കിടക്കയില്‍ കിടന്നു മരിക്കും. ദുരിതമെല്ലാം ഞങ്ങളനുഭവിക്കണം!
ഒരു ശബ്ദം : നാഡയാണ് അത്. പിരിയന്‍ നാഡ. എന്താ അവനു പറയാനുള്ളത്?
ഒരു ശബ്ദം : പറ നാഡാ. എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം? നിനക്കറിയാമല്ലോ.
നാഡ : (അയാള്‍ മുടന്തനാണ്) ഞാന്‍ പറയുന്നതൊന്നും നിങ്ങക്കു പറ്റൂല. നിങ്ങളെക്കാലത്തും എന്നെ പരിഹസിച്ചിട്ടേയുള്ളു. എന്നോടു ചോദിക്കുന്നതിനു പകരം നിങ്ങക്കെന്താ ആ മെഡിക്കല്‍ വിദ്യാര്‍ത്ഥിയോടു ചോദിച്ചാല്‍? അവന്‍ വൈകാതെ ഡോക്ടറാകും എന്നല്ലേ കേള്‍ക്കുന്നത്? അവനോടു ചോദിക്ക്. എനിക്കറിയാവുന്നത് ഇതാ, ഇതു മാത്രം! (ഒരു കുപ്പി ഉയര്‍ത്തി വായിലേക്കു ചെരിക്കുന്നു.)
ഒരു ശബ്ദം : ഏയ്, ദിയേഗോ! എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം?
ദിയെഗോ : എന്തായാലെന്ത്! ധൈര്യമായിരിക്കുക. എല്ലാം നേരെയാവും.
ഒരു ശബ്ദം : എന്നാല്‍ ആപ്പീസറോടു ചോദിച്ചുനോക്കാം. അയാളുടെ അഭിപ്രായമെന്താ നോക്കാം.
ഓഫീസര്‍ : ആപ്പീസറുടെ അഭിപ്രായത്തില്‍ നിങ്ങള്‍ ക്രമസമാധാനം ലംഘിക്കുകയാണ്.
നാഡ : മൂപ്പര്‍ ഭാഗ്യവാന്‍! ഏല്‍പ്പിച്ച ഡ്യൂട്ടി ചെയ്യുന്നു, അത്ര തന്നെ. വലിയ പിടിപാടൊന്നും അങ്ങോര്‍ക്കില്ല.
ദിയെഗോ : നോക്ക്! അതാ വീണ്ടും!
ഒരു ശബ്ദം : ദൈവമേ!
(മൂളക്കം ഉയരുന്നു. മുമ്പെപ്പോലെ വാല്‍നക്ഷത്രം ആകാശം മുറിച്ചു നീങ്ങുന്നു. ആള്‍ക്കൂട്ടത്തില്‍നിന്നു ചില ശബ്ദങ്ങള്‍.)
നിര്‍ത്തൂ!
മതി, മതിയാക്കൂ!
പാവം കാഡിസ്!
കേള്‍ക്കു, അതിന്റെയൊരു സീല്‍ക്കാരം!
അതായത്, നമ്മളുടെ അന്ത്യമായി എന്ന്!
മിണ്ടാതെടാ, ശല്യങ്ങളേ!
(മണി അഞ്ചടിച്ചു. വാല്‍നക്ഷത്രം അപ്രത്യക്ഷമായി. നേരം പുലരുകയാണ്.)
നാഡ : (ഒരു നാഴികക്കല്ലിന്മേല്‍ ഇരുന്ന്, പരിഹാസത്തോടെ) ഞാന്‍ നാഡ. ഈ നഗരത്തിലെ വിവരവും ബുദ്ധിയുമുള്ള പൗരപ്രമുഖന്‍. പക്ഷെ, കുടിയനായിപ്പോയി, നിങ്ങളുടെ അഹങ്കാരം കണ്ട്, സകലതിനോടുമുള്ള വെറുപ്പുകൊണ്ട്. എന്നോട് നിങ്ങള്‍ക്ക് മുഴുത്ത അസൂയയായണെന്ന് എനിക്കറിയാം. കാരണം, താന്തോന്നിയായ എനിക്കുള്ള സ്വാതന്ത്ര്യം ഇവിടെ മറ്റാര്‍ക്കുണ്ട്? എന്നാലും കൂട്ടരേ, എന്റെ പ്രവചനം ഞാന്‍ പറയാം. വെടിക്കെട്ടു കഴിഞ്ഞു. ആഘോഷവും തീര്‍ന്നു. ഇതൊരു മുന്നറിയിപ്പാണ്. ഉറപ്പായും എല്ലാം അവസാനിക്കാന്‍ പോവുകയാണ്. നമ്മള്‍ കഴുത്തോളം മുങ്ങിക്കഴിഞ്ഞിരിക്കുന്നു.
കുറച്ചു കാലമായി നമ്മള്‍ മുങ്ങാന്‍ തുടങ്ങിയിട്ട്. കുടിയനായ ഞാന്‍ മാത്രമേ ഇതറിഞ്ഞിട്ടുള്ളു. എന്തുകൊണ്ടാണെന്നോ? ആലോചിച്ചു കണ്ടുപിടിക്ക് ബുദ്ധിയുണ്ടെങ്കില്‍. എനിക്കു കാര്യങ്ങള്‍ എന്നേ ബോധ്യമായിരുന്നു. അതില്‍നിന്നൊട്ടു മാറാനും ഉദ്ദേശമില്ല. ജീവിതവും മരണവും ഒന്നാണു സുഹൃത്തുക്കളേ. മനുഷ്യന്‍ കത്തിച്ചാമ്പലാവാനുള്ള വിറകുമാത്രം. നാശമാണ് വരാനിരിക്കുന്നത്. ഓര്‍ത്തുവെച്ചോ. ഞാന്‍ പറയുന്നു, ആ വാല്‍നക്ഷത്രം ഒരു അപശകുനമാണ്. നിങ്ങള്‍ക്കുള്ള മുന്നറിയിപ്പ്.
വിശ്വാസമാകുന്നില്ല, അല്ലേ? എനിക്കറിയാം. മൂന്നുനേരം തിന്നുന്നു, എട്ടുമണിക്കൂര്‍ പണിയെടുക്കുന്നു, രണ്ടു ഭാര്യമാരെ പോറ്റുന്നു. എന്നിട്ട് എല്ലാം നേര്‍വഴിക്കു പോകുന്നു എന്നു വിശ്വസിക്കുന്നു. എന്നാല്‍ സുഹൃത്തുക്കളേ നിങ്ങള്‍ പോകുന്നത് സര്‍വ്വനാശത്തിലേക്കാണ്. എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞു. എന്റെ മനഃസാക്ഷിക്കുത്തൊഴിഞ്ഞു. എന്നാലും നിങ്ങള്‍ക്കു പേടിക്കാനില്ല. അവിടെ ഒരാളുണ്ടല്ലോ നിങ്ങളുടെ കാര്യം നോക്കാന്‍. (ആകാശത്തേക്കു ചൂണ്ടുന്നു). മനസ്സിലായല്ലോ? വിശുദ്ധ ഭീകരന്‍.
ജഡ്ജി കസാഡോ: മതി. നിര്‍ത്ത് നാഡാ. ദൈവനിന്ദ ഞാന്‍ അനുവദിക്കില്ല. കര്‍ത്താവിനെയാണ് നാണമില്ലാത്ത നീ അപമാനിക്കുന്നത്!
നാഡാ: ഓ! ബഹുമാന്യനായ ജഡ്ജിക്കു സ്വാഗതം! കര്‍ത്താവിനെ ഞാനും അംഗീകരിക്കുന്നുണ്ട്. കാരണം എന്റേതായ രീതിയില്‍ ഞാനും ഒരു വിധികര്‍ത്താവാണ്. കര്‍ത്താവിന്റെ ഇരയായി മാറുന്നതിനേക്കാള്‍ അങ്ങോരുടെ പങ്കാളിയാവുന്നതാ നല്ലതെന്ന് ഞാന്‍ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ദൈവത്തെ എന്തിനു കുറ്റപ്പെടുത്തണം? മനുഷ്യര്‍ സ്വയം കുഴപ്പങ്ങളുണ്ടാക്കി അന്യോന്യം കുത്തിച്ചാവുന്നതു കണ്ടാല്‍ അവരോളം വരില്ല ദൈവം എന്നു തോന്നും.
ജഡ്ജി കസാഡോ: നിന്നെപ്പോലുള്ള തെമ്മാടികളാണ് ഈ അപശകുനം കൊണ്ടുവന്നത്. ഞാന്‍ പറയുന്നു, ആ മുന്നറിയിപ്പ് ഉള്ളില്‍ പിശാചുള്ള പാപികള്‍ക്കുള്ളതാണ്. എന്നാല്‍ ഇവിടെ ആരുണ്ട് പാപികളല്ലാത്തവരായി? അതുകൊണ്ട് ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവത്തെ പേടിക്കുക. അവനോടു പ്രാര്‍ത്ഥിക്കുക. തെറ്റുകള്‍ പൊറുക്കാന്‍ യാചിക്കുക. നാഡാ, നീ മുട്ടുകുത്തി നില്‍ക്ക്, പ്രാര്‍ത്ഥിക്ക്!
നാഡാ: എന്നോടു പറഞ്ഞിട്ടു കാര്യമല്ല. എനിക്കു മുട്ടുകുത്താന്‍ ആവില്ല. മുടന്തനല്ലേ? പിന്നെ പേടിയാണെങ്കില്‍ എനിക്ക് തീരെയില്ല. ഞാന്‍ എന്തിനും തയ്യാറായവനാ.
ജഡ്ജി കസാഡോ: അപ്പൊ, നിനക്ക് ഒന്നിലും വിശ്വാസമില്ല, അല്ലേ, നശിച്ചവനേ?
നാഡാ: ഈ ലോകത്ത് കള്ളിലൊഴിച്ച് മറ്റൊന്നിലും വിശ്വാസമില്ല. പരലോകത്തെ കാര്യം പറയുകയും വേണ്ട.
ജഡ്ജി കസാഡോ: കര്‍ത്താവേ! ഇവനു മാപ്പു കൊടുക്കണമേ! ഇവന്‍ പറയുന്നതെന്തെന്ന് ഇവന്‍ അറിയുന്നില്ലല്ലോ. നഗരവാസികളായ നിന്റെ ഈ കുഞ്ഞാടുകളെ കാത്തുരക്ഷിക്കണേ!
നാഡാ: ആമേന്‍! ഹേയ്, ദിയെഗോ! വാ, അപശകുനം കണ്ടതു പ്രമാണിച്ച് നമുക്കൊരു കുപ്പി പൊട്ടിക്കാം. പറ, എന്തായി ആ പെണ്ണുമൊത്തുള്ള നിന്റെ ചുറ്റിക്കളി? പുരോഗതിയുണ്ടോ?
ദിയെഗോ: അതുറപ്പിച്ചു നാഡാ. ജഡ്ജിയുടെ മകളെ ഞാന്‍ കെട്ടാന്‍ പോകുന്നു! ങാ, പിന്നെ നീ ജഡ്ജിയദ്ദേഹത്തോട് ഇങ്ങനെ പെരുമാറരുത്. ഇനിമേല്‍ എനിക്കും അതൊരു അപമാനമാവും.
(കാഹളം മുഴങ്ങുന്നു. കാവല്‍ക്കാരുടെ അകമ്പടിയോടെ ഒരു ഉദ്യോഗസ്ഥന്‍ വരുന്നു.)
ഉദ്യോഗസ്ഥന്‍: ഗവര്‍ണറുടെ ഉത്തരവ്. ഇവിടെ കൂടിയിരിക്കുന്നവരെല്ലാം ഉടനെ പിരിഞ്ഞുപോകേണ്ടതും പതിവുപോലെ അവരവരുടെ ജോലികളില്‍ ഏര്‍പ്പെടേണ്ടതുമാണെന്ന് ഗവര്‍ണര്‍ ഉത്തരവാകുന്നു. യാതൊന്നും സംഭവിക്കാന്‍ അനുവദിക്കാത്ത ഭരണമാണ് സല്‍ഭരണം എന്നതുകൊണ്ടും സംഭവിക്കാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കാത്തതിനാലും തുടര്‍ന്നും അദ്ദേഹം പൗരജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കുന്നു. സമാധാനജീവിതത്തിന് ആശങ്കയുളവാക്കുന്ന യാതൊന്നും കാഡിസില്‍ സംഭവിച്ചിട്ടില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. ആയതിനാല്‍, നമ്മുടെ നഗരചക്രവാളത്തില്‍ വാല്‍നക്ഷത്രം ഉദിച്ച സംഭവം എല്ലാവരും നിഷേധിക്കണമെന്നും ഇതിനുവിപരീതമായി ആരെങ്കിലും അതെക്കുറിച്ച് പരാമര്‍ശിക്കുന്നതായാല്‍ അവര്‍ക്കെതിരെ കഠിനമായ ശിക്ഷാനടപടി കൈക്കൊള്ളുന്നതാണെന്നും എല്ലാ പൗരജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.
(കാഹളം. ഉദ്യോഗസ്ഥന്‍ പോയി.)
നാഡാ: കൊള്ളാം. എങ്ങനെയുണ്ട് ദിയെഗോ? ഇതിനെപ്പറ്റി നീ എന്തു പറയുന്നു?
ദിയെഗോ: അസംബന്ധം! ഇതു സത്യം മൂടിവെക്കലാണ്.
നാഡാ: അല്ല. ഇതാണ് സര്‍ഭരണത്തിന്റെ രീതി. ഈ ഉത്തരവ് നിലവിലുള്ള വിശ്വാസങ്ങളുടെ അടി ചോര്‍ത്തിക്കളയും എന്നതുകൊണ്ട് ഞാനിതിനെ സ്വാഗതം ചെയ്യുന്നു. ഇത്തരമൊരു ഗവര്‍ണറെ ലഭിച്ച നമ്മള്‍ എത്ര ഭാഗ്യവാന്മാരാണ്! ബജറ്റില്‍ കമ്മി വന്നാല്‍ അയാളത് എഴുതിത്തള്ളും. ഭാര്യ മറ്റാരുടെയെങ്കിലും കൂടെക്കിടന്നാല്‍ അയാളതു കണ്ടില്ലെന്നു നടിക്കും. അതിനാല്‍ വഞ്ചിതരായ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ പെണ്ണുങ്ങള്‍ ചാരിത്രവതികളാകുന്നു! മുടന്തരേ, നിങ്ങള്‍ക്കു നടക്കാനാകുന്നു! കണ്ണുപൊട്ടന്മാരേ, നിങ്ങള്‍ക്കു കാണാനാകുന്നു! സത്യത്തിന്റെ കാലം വന്നുചേര്‍ന്നിരിക്കുന്നു!
ദിയെഗോ: ദുശ്ശകുനം കൊണ്ടു കളിക്കണ്ട നാഡാ. സത്യത്തിന്റെ ഇക്കാലം മരണമാണ്.
നാഡാ: അദ്ദാണ് സത്യം! ലോകം മുഴുവന്‍ ചത്തുപോട്ടെ! പോ‍ര്‍ക്കളത്തിലെ കാളയെപ്പോലെ പേടിച്ചുവിരണ്ട്, കണ്ണു കലങ്ങി, വായില്‍നിന്ന് നുരയുംപതയുമൊലിപ്പിച്ച് ലോകത്തെ ജനങ്ങളെല്ലാം ഇപ്പോള്‍ എന്റെ മുന്നില്‍ വന്നിരുന്നെങ്കില്‍! വയസ്സനാണെങ്കിലും എന്റെ കൈക്കു ക്ഷീണം പറ്റിയിട്ടില്ല മോനേ. ഒറ്റവെട്ടിന് അതിന്റെ നെട്ടെല്ലു തകര്‍ക്കും. മറിഞ്ഞുരുണ്ട് സ്ഥലകാലങ്ങളുടെ പടുകുഴിയിലേക്കു ആ കൂറ്റന്‍ മൃഗത്തെ ഞാന്‍ തള്ളിയിട്ടേനേ!
ദിയെഗോ: ആവേശം കൊള്ളാതെ നാഡാ. ഇങ്ങനെ വീരവാദം മുഴക്കിയാല്‍ ആളുകള്‍ക്കു നിന്നെ വിലയില്ലാതാവും.
നാഡാ: എന്നെ ആരും വിലവെക്കേണ്ട. എല്ലാരേക്കാളും മീതെയാ ഞാന്‍, അറിയാമോ?
ദിയെഗോ: അഭിമാനം കളയരുത്. അതാണ് എല്ലാറ്റിലും വലുത്.
നാഡാ: ആണോ? എന്നാല്‍ എന്താ മോനേ ഈ അഭിമാനം?
ദിയെഗോ: തലയുയര്‍ത്തിനില്‍ക്കാനുള്ള അന്തസ്സ്
നാഡാ: ഓഹോ! എന്നാല്‍ അതെനിക്കു ജന്മനാ ഉള്ള കാര്യമാ. അക്കാര്യം വിട്
ദിയെഗോ: നിന്റെ ഇഷ്ടം പോലെ ചെയ്തോ. എനിക്കു നില്‍ക്കാന്‍ നേരമില്ല. അവള്‍ എന്നെ കാത്തുനില്‍ക്കുകയാവും. സര്‍വ്വനാശത്തെക്കുറിച്ചുള്ള നിന്റെ ഭാവിപ്രവചനം കേട്ടു നില്‍ക്കാന്‍ സമയമില്ല. എനിക്കു സന്തോഷമായിരിക്കണം. സന്തോഷമായിരിക്കല്‍ ഒരു മുഴുവന്‍ സമയ ഏര്‍പ്പാടാണ് നാഡാ. അതിന് ശാന്തിയും സമാധാനവും വേണം.
നാഡാ: ഞാന്‍ പറയാനുള്ളതു പറഞ്ഞു. നമ്മള്‍ മൂക്കോളം മുങ്ങിക്കഴിഞ്ഞു. ആശിക്കാന്‍ ഒരു ചുക്കും ബാക്കിയില്ല. ഇനിയാണ് തമാശ. ആ കളി തുടങ്ങാറായി. നേരു പറഞ്ഞാല്‍ എനിക്കും നേരമില്ല. മരണക്കളി ആഘോഷിക്കാന്‍ മാര്‍ക്കറ്റില്‍ പോയി ഒരു കുപ്പി വാങ്ങിവരാനുള്ള സമയമേ ബാക്കിയുള്ളു.
(വെളിച്ചം കെട്ടു)

(ഏതാനും നിമിഷങ്ങളുടെ ഇടവേളക്കുശേഷം വെളിച്ചം വന്നു. ചടുലവും ചലനാത്മകവുമായ അരങ്ങ്. ആളുകൾ താളത്തിനൊത്ത് നീങ്ങുന്നു. കച്ചവടക്കാർ കടയുടെ ഷട്ടറുകൾ താഴ്ത്തി, കളിക്കാർക്ക് സ്ഥലമൊരുക്കുന്നു. ഒരു ചന്തയാണ് വേദി. കോറസ് പ്രവേശിക്കുന്നു. നയിക്കുന്നത് മീൻപിടുത്തക്കാരാണ്. അവർ സാവധാനം വേദി നിറഞ്ഞു. ആരവം ഉയര്‍ന്നു. പാട്ട്:)

കോറസ്:
ഒന്നുമുണ്ടായിട്ടില്ല കൂട്ടരേ,
ഒന്നുമുണ്ടാവാന്‍ പോകുന്നുമില്ല!
ഇല്ല പേടിപ്പെടുത്തും ദുരന്തങ്ങ-
ളില്ല! വന്നൂ തെളിഞ്ഞ നാള്!
മീന് നോക്കൂ പിടയ്ക്കുന്ന മീനാണ്
മീനിതിപ്പോള്‍ പിടിച്ച മീനാണ്!
(ആഹ്ലാദാരവങ്ങള്‍)

പൂക്കാവടിയേന്തി വസന്തം
പോയപ്പോഴേക്കും
മൂത്തുപഴുത്തെത്തീ മധുര-
ക്കായ്കനി ചന്തയിലെങ്ങും!
ഓറഞ്ച് മഞ്ഞ ചുവപ്പ്
നീരിന്നെന്തൊരിനിപ്പ്!
എവിടന്നിവ വന്നൂ? ദൂര
ഗ്രാമങ്ങളില്‍നിന്ന്!

തെളിനീര്‍ച്ചാലൊഴുകും മേട്ടില്‍
വേരുകളാഴ്ത്തീട്ട്
പൊടിമണ്ണിലെയുറവാം മധുര-
ച്ചാറു കുടിച്ചിട്ട്
തടിയില്‍ ചെറുപൂവില്‍ കായില്‍
അമൃതു നിറഞ്ഞിട്ട്
ആ മധുരം കുറുകിക്കിറുകി
മത്തുപിടിച്ചിട്ട്
ഇളവെയിലും കൊണ്ടു പഴുത്ത്
പന്തലണിഞ്ഞിട്ട്
പലകൊട്ടയിലേറി വരുന്നൂ
ഗ്രാമങ്ങളില്‍നിന്ന്
ഇവിടത്തെ ചന്ത നിറയ്ക്കാന്‍
കുതികൊണ്ടവയിന്ന്!

(ആഹ്ലാദാരവങ്ങൾ. കുഴൽവിളി. സംഗീതം. ചന്തയിൽ അങ്ങിങ്ങായി ചെറുരംഗങ്ങൾ അരങ്ങേറുന്നു.)
യാചകൻ1: എന്തെങ്കിലും താ സാറേ. ചില്ലറ താ അമ്മേ
യാചകൻ2: പിന്നെയാകാമെന്നുവെച്ച് പോകല്ലേ..
യാചകൻ3: കേൾക്കുന്നുണ്ടോ ഏമാന്മാരേ…
യാചകൻ1: ഒന്നും ഒണ്ടാകാൻ പോണില്ലെന്നല്ലേ കേട്ടത്?
യാചകൻ2: ചെലപ്പൊ എന്തെങ്കിലും ഉണ്ടായിക്കൂടെന്നില്ല. (ഒരു വഴിപോക്കന്റെ വാച്ച് മോഷ്ടിക്കുന്നു)
യാചകൻ3: കനിവു കാട്ടണേ. കരുതൽ വേണേ സാറേ..

(മീൻചന്തയിൽ)
മീൻകാരൻ: ഇതാണ് മീന്. കടൽപ്പൂവ്. വരീൻ വാങ്ങീൻ. വാ, തള്ളേ.. ഇതു വാങ്ങിക്കോ.
തള്ള: ഓ കടൽപ്പൂവ്! ആർക്കു വേണം ഈ ചീഞ്ഞത്.
മീൻകാരൻ: എന്താ പറഞ്ഞത്? ചീഞ്ഞതോ? ചീഞ്ഞു നാറുന്നത് നിന്നെയാ. പോ തള്ളേ.
തള്ള: നീ പോടാ നാറീ. തലനരച്ച എന്നോടാ കളി?
മീൻകാരൻ: പോയിത്തുലയ് തള്ളേ. ധൂമകേതു!
(ആ വാക്കു കേട്ടതും രംഗവേദിയിലുള്ളവരെല്ലാം ചൂണ്ടുവിരൽ ചുണ്ടോടുചേർത്ത് പെട്ടെന്നു ചലനമറ്റു. മറ്റൊരിടത്ത് വിക്ടോറിയ പ്രത്യക്ഷപ്പെടുന്നു. ദിയേഗോയും ഉണ്ട്. ഇരുവരും ഒരു ജാലകത്തിന്റെ അഴികൾക്ക് അപ്പുറവും ഇപ്പുറവുമായി നിൽക്കുന്നു.)

ദിയെഗോ: എത്രകാലമായി നമ്മളിങ്ങനെ കണ്ടിട്ട്!
വിക്ടോറിയ: ഇതെന്താ നിനക്കു വട്ടായോ? ഇന്നു രാവിലെയല്ലേ നമ്മളു കണ്ടത്?
ദിയെഗോ: അതെ. പക്ഷെ അച്ഛനുണ്ടായിരുന്നല്ലോ ഒപ്പം.
വിക്ടോറിയ: അച്ഛൻ ശരി എന്നു പറഞ്ഞില്ലേ. സമ്മതിക്കുമെന്ന് നമ്മളൊരിക്കലും കരുതിയില്ല, അല്ലേ?
ദിയെഗോ: അദ്ദേഹത്തോട് ഞാൻ കാര്യം നേരേ ചൊവ്വേ പറഞ്ഞത് എത്ര നന്നായി.
വിക്ടോറിയ: ശരിയാ ദിയെഗോ. നീ അങ്ങനെ ചെയ്തതു നന്നായി. എന്നാലും അച്ചൻ സമ്മതം മൂളുംവരെ എന്റെ നെഞ്ചിനുള്ളിൽ ഒരു കുതിരപ്പട ഇരമ്പുകയായിരുന്നു. ദൂരത്തുനിന്ന് ഇരച്ചെത്തുന്ന കുളമ്പൊച്ച. അതൊരു കൊടുങ്കാറ്റുപോലെ അടുത്തെത്തി എന്നെ മറിച്ചിടുമെന്നു തോന്നി. അപ്പൊഴതാ അച്ഛൻ ശരി എന്നു പറയുന്നു! എന്തൊരു സന്തോഷം! ലോകത്ത് ആദ്യമായി സൂര്യനുദിച്ചപോലെ എനിക്കു തോന്നി. ഉണർന്നുകിടന്നു കാണുന്ന ഒരു കിനാവിലെന്നപോലെ അപ്പോൾ ഞാൻ ആ കുതിരകളെ കണ്ടു. കറുത്തു മിനുത്തു മെരുങ്ങിയ കുതിരകൾ. പ്രണയത്തിന്റെ കുതിരകൾ. നമ്മളെയും കൊണ്ടു പോകാൻ വന്നതുപോലെ.
ദിയെഗോ: ഞാനും കാണുന്നുണ്ടായിരുന്നു. എന്റെ ചോരയും ഇരച്ചുപൊന്തി. ഹൃദയം സന്തോഷം കൊണ്ടു തുളുമ്പി. ഹാ ലോകത്തിന് എന്തൊരു പ്രകാശം! ഈ ലോകം ഇനി നമ്മുടേതാണ്. നമ്മളെ മണ്ണു പുണരുംവരെ. നാളെ നമുക്കു പോകണം. ഒരേ കുതിരപ്പുറത്ത്!
വിക്ടോറിയ: അതെ. ഇനി നമുക്കു പ്രണയത്തിന്റെ ഭാഷയിൽ സംസാരിക്കാം. കേൾക്കുന്നോർക്കു പ്രാന്താണെന്നു തോന്നിക്കോട്ടെ. നാളെ നീ എന്റെ വായ് ചുംബിക്കും. ഓർക്കുമ്പോൾ ചുടുകാറ്റു കൊണ്ടെന്നപോലെ എന്റെ കവിളുകൾ പൊള്ളുന്നു.
ദിയെഗോ: ആ കാറ്റ് എന്നെയും പൊള്ളിക്കുന്നുണ്ട്. എവിടെ ചൂടണയ്ക്കാനുള്ള ആ തണുത്ത ജലധാര?
(ജനലഴികൾക്കുള്ളിലൂടെ കൈയിട്ട് അവളുടെ തോളിൽ പിടിക്കുന്നു)
വിക്ടോറിയ: ഹൊ ഈ സ്നേഹത്തിന് എന്തൊരു വേദനയാണ്! വരൂ, അടുത്തുവരൂ.
ദിയെഗോ: എന്തൊരു സുന്ദരിയാണു നീ
വിക്ടോറിയ: നീയാണ് എന്റെ സുന്ദരൻ
ദിയെഗോ: ഈ കവിൾ ഇങ്ങനെ തുടുത്തിരിക്കാൻ നീ എന്തുകൊണ്ടാണ് മുഖം കഴുകുന്നത് വിക്ടോറിയ?
വിക്ടോറിയ: ഹ. ഹ. ശുദ്ധജലം കൊണ്ട്. പിന്നെ.. അതിലിത്തിരി പ്രണയം ചേർക്കും!
ദിയെഗോ: നിന്റെ മുടിക്ക് രാത്രിയുടെ തണുപ്പ്!
വിക്ടോറിയ: രാത്രി മുഴുവൻ ജനാലയ്ക്കൽ ഞാൻ നിന്നെ കാത്തിരിക്കുന്നതുകൊണ്ടാണ് ദിയെഗോ.
ദിയെഗോ: ഓ! അങ്ങനെയെങ്കിൽ ആ ശുദ്ധജലവും രാത്രിയുമായിരിക്കണം നിനക്ക് നാരകത്തിന്റെ സുഗന്ധം സമ്മാനിച്ചത്!
വിക്ടോറിയ: അല്ല. നിന്റെ പ്രണയത്തിന്റെ വായുവേറ്റിട്ടാണ് ഞാനിങ്ങനെ പൂത്തുലഞ്ഞത്.
ദിയെഗോ: പൂക്കളെല്ലാം ഒരിയ്ക്കൽ കൊഴിയും വിക്ടോറിയാ.
വിക്ടോറിയ: അപ്പോഴേക്കും അതിലുണ്ടായ കനികൾ വിളഞ്ഞിരിക്കും!
ദിയെഗോ: പക്ഷെ, തണുപ്പുകാലം വരും.
വിക്ടോറിയ: ആ ദുരിതകാലം നമ്മൾ പങ്കിട്ട് അനുഭവിക്കും! ഓർമ്മയുണ്ടോ പണ്ടൊരിക്കൽ നീയെനിക്കു പാടിത്തന്ന ആ പാട്ട്? അതു കേട്ടിട്ട് യുഗങ്ങളായി എന്നു തോന്നും. എന്തൊരു മുഴക്കമുള്ള വരികൾ!
ദിയെഗോ:
ഞാൻ മണ്ണടിയും
നൂറ്റാണ്ടുകൾ അതിന്മീതെ പോയ് മറയും
ഒരുനാൾ ഭൂമിയാമമ്മ ചോദിക്കും
അവസാനം നീ അവളെ മറന്നു, അല്ലേ?
ഞാൻ പറയും ഇല്ലല്ലോ എന്ന്
(നിശ്ശബ്ദത)
എന്താ മിണ്ടാത്തത്? എന്തുപറ്റി വിക്ടോറിയ?
വിക്ടോറിയ: സന്തോഷം കൊണ്ട് എനിക്കു വാക്കു കിട്ടുന്നില്ല ദിയെഗോ.

(ചന്തയില്‍ ഒരിടത്ത് ജ്യോത്സ്യനും ഒരു സ്ത്രീയും)
ജ്യോത്സ്യൻ: സൂര്യന്‍ തുലാം രാശിയിലേക്കു പ്രവേശിക്കുമ്പോഴാണ് ഭവതിയുടെ ജനനം. അതായത്, ശുക്രന്റെ സ്വാധീനബലമുണ്ട്. എടവത്തിലാണ് ശുക്രന്റെ നില. സ്വഭാവം കൊണ്ട് കുലീനയും ഉത്സാഹിയും സൗമ്യയും ആയിരിക്കും. ശുക്രന്‍ അനുകൂലമാണെങ്കിലും എടവം രാശിയിലായതുകൊണ്ട് ഈ ഗുണങ്ങളൊന്നും വിവാഹബന്ധത്തിന് അനുകൂലമാവില്ല. ശനിയും കൂടെയുള്ളതിനാല്‍ സന്താനസൗഭാഗ്യവും ഉണ്ടാവില്ല. പോരാത്തതിന് വയറിനും മറ്റും അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയും കാണുന്നു. എന്നാല്‍ പേടിക്കാനില്ല. സൂര്യസാന്നിദ്ധ്യം എപ്പോഴും ഉണ്ടായാല്‍ മതി. സൂര്യപ്രകാശമാണ് പ്രതിവിധി. ശരീരത്തിനും മനസ്സിനും നല്ലതാണ്. അസുഖങ്ങള്‍ വിട്ടൊഴിയും. എടവലഗ്നക്കാരെ സ്നേഹിതരായി സ്വീകരിക്കുന്നതും നല്ലതാണ്. ആകമൊത്തം നോക്കിയാല്‍ ഗുണഫലമാണ് കൂടുതല്‍. ഭാവി നല്ലതാണ്. വരും ദിനങ്ങളില്‍ സുഖജീവിതം ഉണ്ടാവും. എന്റെ ഫീസ് ആറു പെസീറ്റ (സ്പാനിഷ് നാണയം- വാങ്ങി കീശയിലാക്കുന്നു).
സ്ത്രീ: വളരെ നന്ദി. പറഞ്ഞതെല്ലാം സത്യമായിത്തീരും അല്ലേ?
ജ്യോത്സ്യന്‍: തീര്‍ച്ചയായും. എന്റെ വാക്കു വിശ്വസിക്കാം. പക്ഷെ ഒരു കാര്യം പറഞ്ഞില്ലെന്നു വേണ്ട. ഇന്നു പുലര്‍ച്ചക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് നമ്മള്‍ കണ്ടതാണ്. എന്നാലും സംഭവിക്കാതെപോയ ആ സംഗതി എന്റെ പ്രവചനങ്ങളെ തെറ്റിച്ചുകൂടായ്കയില്ല. അതിനു ഞാന്‍ ഉത്തരവാദിയുമല്ല. (സ്ത്രീ പോകുന്നു.) അപ്പോള്‍ മാന്യരേ, മഹതികളേ! നിങ്ങളുടെ ഭാവി അറിയൂ, ജാതകം ഗണിച്ചുതരാം. കഴിഞ്ഞുപോയത്, നടന്നുകൊണ്ടിരിക്കുന്നത്, വരാന്‍ പോകുന്നത്. എല്ലാം സുസ്ഥിരമായ നക്ഷത്രനിലയെ അടിസ്ഥാനമാക്കി പ്രവചിക്കാം. നക്ഷത്രങ്ങള്‍ സ്ഥിരമാകണം കേട്ടോ! (തന്നോടുതന്നെ) വാല്‍നക്ഷത്രമാണെങ്കില്‍ എനിക്കു വേറെ പണി നോക്കേണ്ടിവരും!

(മറ്റൊരു മൂലയില്‍ കെട്ടിപ്പൊക്കിയ ചെറിയൊരു രംഗവേദി)
ഒരു നടന്‍: ഇതാ ഇങ്ങോട്ടു നോക്കൂ, മാന്യരേ മഹതികളേ! നിങ്ങളുടെ മനോഹരമായ കണ്ണുകളെ ഇങ്ങോട്ടു ക്ഷണിക്കുകയാണ്. ഇതാ സ്പെയിന്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ ഇവിടെ അണിനിരക്കുന്നു. ഇവിടെ, ഇപ്പോള്‍, ഇതാ വിഖ്യാതമായ ഭൂതങ്ങള്‍ എന്ന നാടകം അവതരിപ്പിക്കാന്‍ പോകുന്നു. അനശ്വര നടന്‍ പെദ്രോ ദി ലാരിബ നിങ്ങള്‍ക്കായി പാടുന്നു. നിങ്ങള്‍ ശ്വാസമടക്കിയിരുന്ന് കേള്‍ക്കാനാഗ്രഹിക്കുന്ന ഗാനങ്ങള്‍. ചരിത്രത്തിലെ മഹത്തരമായ കലാസൃഷ്ടി. ആരാധന കൊണ്ട് നമ്മുടെ ചക്രവര്‍ത്തിക്കുവേണ്ടി നിത്യവും കൊട്ടാരത്തില്‍ അരങ്ങേറുന്ന നാടകം. ഇന്നുമാത്രം ഇതാ കാഡിസിലെ പ്രബുദ്ധരായ കലാസ്നേഹികള്‍ക്കുവേണ്ടി ഇവിടെ അവതരിപ്പിക്കുന്നു. വരുവിന്‍. വരുവിന്‍. നാടകം ആരംഭിക്കാന്‍ പോകുന്നു.
(നാടകം ആരംഭിച്ചു. പക്ഷെ ചന്തയിലെ ബഹളത്തില്‍ നടന്മാരുടെ ശബ്ദം മുങ്ങിപ്പോയി.)
“പഴങ്ങള്‍ പഴങ്ങള്‍ ഇപ്പോള്‍ അറുത്തെടുത്ത പഴങ്ങള്‍!”
“മത്സ്യകന്യക. വരൂ കാണൂ. മത്സ്യകന്യകയെ കാണൂ. പാതി സുന്ദരി. പാതി മീന്‍!”
“ഉടുപ്പുകള്‍ കുപ്പായങ്ങള്‍. വിവാഹവസ്ത്രങ്ങള്‍. രാജകുമാരിമാരെപ്പോലെ അണി‌ഞ്ഞൊരുങ്ങൂ!”
“വരൂ. കാണൂ. ഇതാ മല്ലന്മാര്‍. ജയില്‍ചാട്ടക്കാര്‍. ഇരുമ്പഴികള്‍ക്കു തടവിലാക്കാന്‍ കഴിയാത്ത മല്ലന്മാരെ കാണൂ!”
“ഈ തക്കാളി നോക്കൂ. നിങ്ങളുടെ ഹൃദയം പോലെ മധുരമാര്‍ന്ന തക്കാളികള്‍!”
“വേദനയില്ലാതെ പല്ലു പറിച്ചുകൊടുക്കുന്നു. വരൂ വരൂ. ഇതാ ദന്തവൈദ്യന്‍ പെദ്രോ നിങ്ങളെ സ്വാഗതം ചെയ്യുന്നു!”
നാഡാ: തുലഞ്ഞുപോട്ടെ എല്ലാം. ആ പെണ്ണിന്റെ ഹൃദയോം തക്കാളീം ചേര്‍ത്ത് കറിയുണ്ടാക്കാന്‍ കൊള്ളാം. മല്ലന്മാരെ തുറുങ്കിലടയ്ക്കണം. ദന്തവൈദ്യന്റെ പല്ലു പറിക്കണം. ഭാവി പ്രവചിക്കാനറിയാത്ത ആ കണിയാന്റെ തലമണ്ട അടിച്ചുപൊളിക്കണം. മത്സ്യകന്യകയെ പൊരിച്ചു തിന്നണം. നശിച്ചു നരകത്തില്‍ പോട്ടെ എല്ലാം. കുടിക്കാനുള്ള കള്ളൊഴിച്ച് ബാക്കിയെല്ലാം തുലഞ്ഞുപോട്ടെ!

(വിചിത്രവേഷധാരിയായ ഒരു വിദേശി കച്ചവടക്കാരനും അയാളെ അനുഗമിച്ച് ഏതാനും പെണ്‍കുട്ടികളും പ്രവേശിക്കുന്നു.)
കച്ചവടക്കാരന്‍: വരൂ വരൂ. ഇതാ മനോഹരമായ റിബ്ബണുകള്‍! ഗാരണ്ടിയുള്ള ഒറിജിനല്‍ ധൂമകേതു ബ്രാന്റ് നാടകള്‍!
ആള്‍ക്കൂട്ടം: ശ്ശ്..ശ്ശ്… ആ വാക്ക് മിണ്ടിപ്പോകരുത്!
(ആരോ അയാളുടെ ചെവിയില്‍ സ്വകാര്യമായി കാര്യം വിശദീകരിച്ചു കൊടുത്തു.)
കച്ചവടക്കാരന്‍: അതെ. വരൂ. ഇത് ആകാശഗോളം ബ്രാന്റ്. ഗ്യാരണ്ടിയുള്ള നാടകള്‍!
(അയാള്‍ക്കു ചുറ്റും ആളു കൂടുന്നു. അപ്പോള്‍ ഗവര്‍ണ്ണര്‍ വരുന്നു. കൂടെ ഉദ്യോഗസ്ഥവൃന്ദം. ജനങ്ങളെ അഭിമുഖീകരിക്കുന്നു.)
ഗവര്‍ണ്ണര്‍: പ്രിയപ്പെട്ടെ പൗരജനങ്ങളേ, നിങ്ങള്‍ക്ക് ഞാന്‍ ഒരു നല്ല ദിവസം ആശംസിക്കുന്നു. കാഡിസിലെ പൗരന്മാരായ നിങ്ങള്‍ സമാധാനത്തോടെ, സന്തോഷത്തോടെ പതിവു കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ട് നമുക്കു സന്തോഷം തോന്നുന്നു. യാതൊരു മാറ്റവും ഇവിടെ സംഭവിച്ചിട്ടില്ല എന്നറിയുന്നതില്‍ അത്യധികം സന്തോഷം. അതെ, ഒരു മാറ്റവും ഉണ്ടാവരുത്. എന്റെ ശീലവും അതാണ്. മാറ്റങ്ങള്‍ക്ക് എക്കാലവും എതിരാണ് ഞാന്‍.
ഒരാള്‍: ഇല്ല ഗവര്‍ണ്ണര്‍സാര്‍. ഒന്നും തന്നെ മാറിയിട്ടില്ല. ഈ പാവങ്ങള്‍ക്ക് അതുറപ്പിച്ചു പറയാനാവും. ഞങ്ങളിന്നും പഴയതുപോലെ അരിഷ്ടിച്ചു കഴിഞ്ഞുകൂടുന്നു. തിന്നാനെന്തെങ്കിലുമൊക്കെ കിട്ടുമെന്നല്ലാതെ ഇറച്ചിയൊന്നും കാണാറേയില്ല. മാസാവസാനം നയാപൈസ ബാക്കിയുണ്ടാകാറുമില്ല. പിന്നെ, ഇന്നു പുലര്‍ച്ചെ ചില ബഹളങ്ങളുണ്ടായി. സത്യം പറയാമല്ലോ, ഞങ്ങളൊന്നു പേടിച്ചുപോയി. എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു, ജീവിതം വഴിമുട്ടിപ്പോയി എന്നെല്ലാം വിചാരിച്ച് ഒന്നു ഞെട്ടി. അത്രതന്നെ. എന്നാല്‍ ഗവര്‍ണര്‍സാര്‍, അങ്ങയുടെ കല്പന കേട്ട് ഞങ്ങള്‍ക്ക് ആശ്വാസമായി. ഇല്ല സര്‍. ഒന്നുംതന്നെ സംഭവിച്ചിട്ടില്ല. ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണ്. ഇപ്പോള്‍ അങ്ങയെപ്പോലെ ഞങ്ങളും സന്തുഷ്ടരാണ്.

തുടരും>>>