ഇരുമുഖങ്ങളുള്ള ഒരു ജീവിതം

ഇതാ, ബേബിമാഷ് എന്റെ മുന്നിലിരിക്കുന്നു! അതേ കുസൃതിച്ചിരിയോടെ, കണ്ണടയ്ക്കു മുകളിലൂടെ ചെരിഞ്ഞു നോക്കിക്കൊണ്ട്, ആദിമധ്യാന്തമില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഔചിത്യമോ ക്രമമോ ഒന്നുമില്ലാതെ ഓര്‍മ്മവന്നത് വന്നപോലെ പറയുന്നു.

ബേബിമാഷുടെ കുറിപ്പുകളിലൂടെ കടന്നുപോകുമ്പോള്‍ എഴുതിയതു വായിക്കുകയല്ല, പറയുന്നത് കേള്‍ക്കുകയാണ് നമ്മള്‍. സ്ഥലവും സമയവും എല്ലാം കൃത്യമായി ഓര്‍മ്മിക്കും. എന്നാല്‍ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ മുന്‍പിന്‍ ക്രമമൊന്നും കണ്ടെന്നുവരില്ല. പറച്ചിലില്‍ എന്നപോലെ പടര്‍ന്നു പരന്നുപോകും. ഉള്ളില്‍ത്തട്ടിയതേ പറയു. അതു മറയില്ലാതെ എഴുതിവിടും. ആ എഴുത്ത് ചില്ലുപോലെ സുതാര്യം. ഇങ്ങനെ ഹൃദയം പുറത്തിട്ടു നടക്കുന്ന ഒരാള്‍ എഴുത്തുകാര്‍ക്കിടയില്‍ അപൂര്‍വ്വം.

കവിത, കവിസൗഹൃദങ്ങള്‍, കവിസമ്മേളനങ്ങള്‍ – ബേബിമാഷുടെ ജീവിതത്തെ ധന്യമാക്കുന്നത് ഇവയെക്കുറിച്ചുള്ള ഓര്‍മ്മകളും വിചാരങ്ങളുമാണ്. ഏതു ജീവിതസന്ദര്‍ഭത്തിനും ഉദ്ധരിക്കാന്‍ മാഷക്ക് കവിത വേണം. കവിതയെ ജീവിതം കൊണ്ടും ജീവിതത്തെ കവിതകൊണ്ടും പൂരിപ്പിക്കലാണ് മാഷുടെ നേരമ്പോക്ക്.

കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി ബേബിമാസ്റ്റര്‍ക്കുള്ള അനസൂയവിശുദ്ധമായ സൗഹൃദത്തിന്റെ നാള്‍വഴിക്കുറിപ്പുകളാണ് ‘ബാലന്‍’. ഒരേസമയം തന്റെ ആരാധനാപാത്രവും ആത്മമിത്രവുമായിത്തീര്‍ന്ന ബാലനെ ബേബിമാഷ് തിരിച്ചറിയുന്നത് ബാലപംക്തിയില്‍വന്ന കവിതയിലൂടെ. പിന്നീട് സാഹിത്യക്യാംപില്‍ കണ്ടുമുട്ടിയതും മത്സരങ്ങളില്‍ പങ്കെടുത്തതും സമ്മേളനവേദികള്‍ പങ്കിട്ടതുമായ ഓര്‍മ്മകള്‍. ബാലന്റെ മുന്നില്‍ എന്നും രണ്ടാംസ്ഥാനക്കാരനായിട്ടും, തന്റെ കവിതയെ നിശിതമായി വിമര്‍ശിച്ചിട്ടും ബേബി മാഷക്ക് ബാലനോടുള്ള ആരാധന കുറയുന്നില്ല. പൊതുവേ അല്പരസവും അഹന്തയുമുള്ള കവികള്‍ക്കിടയില്‍ ഈ സൗഹൃദം അതിശയകരമായി തോന്നിയാല്‍ അത്ഭുതമില്ല. സ്വന്തം പരിമിതികള്‍ വിനയപൂര്‍വ്വം സ്വീകരിച്ചുകൊണ്ട് അപരന്റെ പ്രതിഭയെ പ്രകീര്‍ത്തിക്കുവാനുള്ള ഈ സന്നദ്ധത അപൂര്‍വ്വമാണെന്നു പറയണം.

കുഞ്ഞുണ്ണിമാഷുമായുള്ള സൗഹൃദം ബേബിമാഷ് കൂടെക്കൂടെ പരാമര്‍ശിക്കുന്നതു കാണാം. “പിന്നോട്ടുമാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ മുന്നോട്ടു പോകുന്നിതാളുകള്‍” എന്ന കുഞ്ഞുണ്ണിക്കവിത മാഷക്ക് ശരിക്കും ബോധ്യപ്പെട്ടത് പരിക്കുപറ്റിയ തന്റെ കാല്‍മുട്ട് മടങ്ങാതായ സന്ദര്‍ഭത്തിലാണത്രേ! (ഒരു കവിത മനസ്സില്‍ ആയതെങ്ങനെ?). അപകടത്തില്‍പ്പെട്ട് കാലൊടിഞ്ഞു കിടക്കുമ്പോഴും ആ അനുഭവം ഒരു കവിതയെ ശരിക്കും മനസ്സിലാക്കാന്‍ സഹായിച്ചതിനാല്‍ വേദന മറന്നു ചിരിക്കുന്ന ബേബിമാഷെ ഈ കുറിപ്പില്‍ കാണാം. മനസ്സുകൊണ്ടുമാത്രമല്ല ശരീരംകൊണ്ടും കവിത ആസ്വദിച്ചു!

‘ഏകാന്തം വിഷം’ എന്ന കുറിപ്പില്‍, ഒരു വാക്കിന്റെ പൊരുളന്വേഷിച്ചുകൊണ്ടുള്ള അലച്ചിലും ഒടുവില്‍ നിഘണ്ടു നോക്കി അതു സ്വയം കണ്ടുപിടിച്ചപ്പോഴുണ്ടായ ആനന്ദവും നിഷ്കളങ്കമായി ആവിഷ്കരിക്കുന്നു. അര്‍ഥം അറിവുണ്ടായിട്ടും അതു പറഞ്ഞുതാരാതെ സ്വയം കണ്ടുപിടിക്കാന്‍ നിര്‍ദ്ദേശിച്ച കുഞ്ഞുണ്ണിമാഷാണ് ഇവിടെ ഗുരു. ‘ഗുരോസ്തു മൗനം വ്യാഖ്യാനം’ എന്ന ശ്ലോകാര്‍ദ്ധത്തിന്റെ പൊരുളാണ് വഴികാട്ടി.

കവി കെ എ ജയശീലന്റെ തൂലികാചിത്രമാണ് ‘കവിമുനിമടയില്‍’. പെരിങ്ങോട്ടുകരയിലെ ജയശീലന്‍മാഷുടെ തറവാട്. അവിടത്തെ ഏകാന്തവാസം. ചുറ്റിനടപ്പ്. പാമ്പിന്‍കാവിനകത്ത് പടം വിരുത്തിനിന്ന മൂര്‍ഖനെ ജയശീലന്‍മാഷ് നോട്ടംകൊണ്ട് പത്തി താഴ്ത്തി തിരിച്ചയച്ചത്. ജയശീലന്റെ കവിത പരിചയമുള്ളവര്‍ക്ക് ആ കവിതയിലെ ജൈവസാന്നിദ്ധ്യത്തിനു കാരണമായ പശ്ചാത്തലം ഈ പരിചയക്കുറിപ്പില്‍ കാണ്ടെത്താം. കവിത അറിയുന്നതോടൊപ്പം കവിയെ, അയാളുടെ ആവാസവ്യവസ്ഥയൊടൊപ്പം പരിചയപ്പെടുത്താന്‍ മാഷ് കാണിക്കുന്ന താത്പര്യത്തിന് ഉദാഹരണമാണ് ഈ ലേഖനം.

ബേബിമാഷക്ക് കവിത ചൊല്ലി രസിക്കാനുള്ളതാണ്, വായിച്ചു പഠിക്കാനുള്ളതല്ല. “എന്നുടെ ഒച്ച കേട്ടുവോ വേറിട്ട്” എന്ന് വൈലോപ്പിള്ളിയുടെ കഥാപാത്രം ചോദിച്ചതുപോലെ മാഷ് നിശ്ശബ്ദമായി തന്റെ കവിതാവതരണത്തെക്കുറിച്ച് അഭിപ്രായം ആരായും. ഡോ. സുകുമാര്‍ അഴീക്കോട് തന്റെ കാവ്യാലാപനം കേട്ട് അഭിനന്ദിച്ച മുഹൂര്‍ത്തത്തെ അനുസ്മരിക്കുകയാണ് ‘അഴീക്കോട് കവിതയ്ക്കു കാതോര്‍ത്തപ്പോള്‍’ എന്ന ലേഖനത്തില്‍. ആശാന്റെ പരിവര്‍ത്തനവും വള്ളത്തോളിന്റെ തോണിയാത്രയും താന്‍ ചൊല്ലുന്നതു കേട്ട് കണ്ണടച്ചിരിക്കുന്ന അഴീക്കോടു സാറിന്റെ വാങ്മയചിത്രം ബേബിമാഷ് മിഴിവോടെ വരച്ചിടുന്നു. എന്നെന്നേയ്ക്കുമായി കണ്ണടച്ചപ്പോഴും ആ കാവ്യാസ്വാദകന്‍ ഏതോ കവിത ആസ്വദിക്കുകയായിരുന്നു എന്ന് കരുതിപ്പോകും.

സ്വന്തം കവിത അവതരിപ്പിക്കുന്നതിനേക്കാള്‍ മറ്റുള്ളവരുടെ മികച്ച കവിതകള്‍ തിരഞ്ഞെടുത്ത് അവതരിപ്പിക്കാന്‍ മാഷ് കാണിക്കുന്ന ഉത്സാഹം എടുത്തുപറയേണ്ടതാണ്. സച്ചിദാനന്ദന്റെ ബോധവതി എന്ന കവിത അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ അര്‍ത്ഥബോധമില്ലാതെ ഒരു വാക്ക് ഉച്ചരിച്ചതും വേദിയിലുണ്ടായിരുന്ന കവി അത് തത്സമയം തിരുത്തിച്ചതും ബേബിമാഷ് കൃതജ്ഞതയോടെ അനുസ്മരിക്കുന്നു (മയഗ്നി).

സെമിനാരിയില്‍ പുരോഹിതവിദ്യാര്‍ത്ഥിയായിരിക്കെ പരിചയപ്പെടാനിടയായ ഫാദര്‍ ഹെര്‍മനാണ് തന്റെ കവിയച്ഛന്‍ എന്ന് ബേബിമാഷ് നിറകണ്ണുകളോടെ ഓര്‍ക്കുന്നു (എന്റെ ദൈവവിളികള്‍). താനെഴുതിയ കവിതയില്‍ സവിശേഷമായ ഒരു വൈകാരികസ്പര്‍ശമുണ്ട് എന്ന് തിരിച്ചറിഞ്ഞതും താന്‍ കവിയാണെന്ന് പറഞ്ഞതും ഹെര്‍മനച്ചനാണ്. കവിത, അതിന്റെ അര്‍ത്ഥത്തില്‍ ഊന്നിക്കൊണ്ട്, മുഴുകിരസിച്ചു ചൊല്ലുന്ന അച്ചനാണ് രചനയിലും കവിതാവതരണത്തിലും തന്റെ ഗുരു എന്നും മാഷ് കടപ്പാട് രേഖപ്പെടുത്തുന്നു.

തന്റെ ജീവിതത്തെ മാറ്റിമറിച്ച മൂന്നു ‘ദൈവവിളികളെ’ക്കുറിച്ചുള്ള ലേഖനം നമുക്കറിയാത്ത മാഷുടെ ബാല്യകൗമാരങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ്. ദേവാലയങ്ങളുടെ വാസ്തുസൗന്ദര്യത്തില്‍ ആകൃഷ്ടനായി പുരോഹിതനാവാന്‍ ആഗ്രഹിച്ച ഒരു കുട്ടിക്കാലമാണ് ബേബിമാഷുടേത്. പള്ളിയും അള്‍ത്താരയും ഗോപുരവും എത്ര കണ്ടാലും മതിയാവില്ല. കുട്ടിക്കാലത്തെ ആദ്യത്തെ ഓര്‍മ്മപോലും അമ്മയുടെ തോളില്‍ക്കിടന്ന് പള്ളിയിലെ പാതിരാക്കുര്‍ബാന കണ്ടതാണ്. അങ്ങനെ പള്ളിയില്‍ കഴിഞ്ഞുകൂടാന്‍വേണ്ടി പള്ളീലച്ചനാവാന്‍ ആഗ്രഹിച്ച ഒരു വിചിത്രബാലന്റെ കഥ.

സൗന്ദര്യാരാധകനും കവിയും ചാഞ്ചാട്ടക്കാരനുമായ തന്റെ വ്യക്തിത്വത്തെ തിരിച്ചറിയുന്നതിലും രൂപപ്പെടുത്തുന്നതിലും സഭയും പുരോഹിതരും എന്തുമാത്രം സ്വാധീനിച്ചു എന്ന് മാഷ് വിസ്തരിച്ചു പറയുന്നു. അതിനു പശ്ചാത്തലമായി, ക്രൈസ്തവസഭയുടേയും അതിലെ കൈവഴികളുടേയും സന്യാസചര്യയുടേയും സങ്കീര്‍ണ്ണതകള്‍ മാഷ് വിവരിക്കുന്നുണ്ട്. എന്നാല്‍ ആ വിവരണങ്ങള്‍ക്കിടയ്ക്ക് തഞ്ചം കിട്ടുമ്പോഴെല്ലാം മാഷ് കവിത ചൊല്ലി ഉദാഹരിക്കും. ഇടവകപ്പള്ളിയായ മൂക്കന്നൂര്‍ സെന്റ്മേരീസ് ചര്‍ച്ചിന്റെ തലയെടുപ്പു കാണിക്കാന്‍ വൈലോപ്പിള്ളിയുടെ പള്ളിമണികളില്‍നിന്നുള്ള വരികള്‍ ചേര്‍ക്കും. അള്‍ത്താരബാലന്മാരുടെ കൈമണിയൊച്ച കേട്ടാല്‍ ചങ്ങമ്പുഴയുടെ “മൃദുല മഞ്ജുള മഞ്ജീര ശിഞ്ജിതം” ഉദ്ധരിക്കും.

ഗോവയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിമന്ദിരങ്ങള്‍ക്കുമുന്നില്‍ വിസ്മയസ്തബ്ധനായി നില്‍ക്കുമ്പോഴും ബേബി മാഷക്ക് കവിതയാണ് ഓര്‍മ്മ വരിക. ഷെല്ലിയുടെ ഒസിമാന്‍ഡിയാസ് ചക്രവര്‍ത്തിയുടെ പ്രതിമ പോലെ ഇതും നാളെ ഛിന്നഭിന്നമായി പോകും എന്ന വാസ്തവത്തിനു മുന്നില്‍ ശിരസ്സു കുനിക്കും. കേവലമൊരു വാസ്തുവിവരണമായി മാറുമായിരുന്ന ഈ കുറിപ്പിന് (ഗോവയിലെ പഴയ പള്ളികള്‍) ഉയരമുള്ള ഒരു വീക്ഷണകോണ്‍ നല്‍കിയത് ആ കവിതയാണ്. അംഗുലപ്പുഴു ഉടലുകൊണ്ട് എന്നപോലെ മാഷ് കവിതകൊണ്ട് ലോകത്തെ അളക്കുന്നു.

വ്യക്തികളെ തൂലികാചിത്രമായി അവതരിപ്പിക്കുന്നതില്‍ മാഷക്കുള്ള അഭിരുചി ഒന്നു വേറെത്തന്നെ. അതില്‍ ഏറെ ഹൃദ്യം മൂര്‍ക്കന്നൂര്‍ സെബാസ്റ്റ്യന്‍ എന്ന നാടകകലാകാരനെക്കുറിച്ചുള്ളത്. ഉള്ളതെല്ലാമുപേക്ഷിച്ച് കലയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച തന്റെ ഇളയപ്പന്‍ മൂക്കന്നൂര്‍ സെബാസ്റ്റ്യന്‍ എന്ന നാടകകലാകാരനെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ് ഈ കുറിപ്പ്. ഒരു പ്രചരണ നോട്ടീസ് വായിച്ചുകൊണ്ട് അത്യന്തം നാടകീയമായിട്ടാണ് ബേബിമാഷ് ഇളയപ്പനെ അവതരിപ്പിക്കുന്നത്. വീട്ടുകാര്‍ക്ക് പുകഞ്ഞ കൊള്ളിയും നാട്ടുകാര്‍ക്ക് കണ്ണിലുണ്ണിയുമായി, ഒന്നും നേടാതെ എല്ലാം നഷ്ടപ്പെടുത്തി, ഒടുവില്‍ അര്‍ബുദം ബാധിച്ച് മണ്ണിലും മറവിയിലും മാഞ്ഞുപോയ ഒരു ജീവിതം. കുറഞ്ഞ വാക്കുകളില്‍ സംഭവബഹുലമായ ഒരു ജീവിതത്തെ മാഷ് ഹൃദയസ്പര്‍ശിയായി ആലേഖനം ചെയ്തിരിക്കുന്നു.

വേറെയും വ്യക്തിചിത്രങ്ങളുണ്ട്. “പാഠപുസ്തകത്തെ സാഹിത്യത്തിന്റെ വിശാലമായ നീന്തല്‍ക്കുളത്തിലേക്ക് എടുത്തുചാടാനുള്ള ചാട്ടപ്പലകയായി” കണക്കാക്കുന്ന ഗുരുനാഥന്‍ എസ്.കെ.വസന്തന്‍, ഗാനങ്ങളെക്കൊണ്ട് ജീവിതക്ലേശമകറ്റിയ ആബേലച്ചന്‍ എന്നിങ്ങനെ.

മറ്റുള്ളവരുടെ ചിത്രമെഴുതുന്നതോടൊപ്പം തന്റെ തന്നെ ചിത്രമെഴുതാനും ബേബിമാഷ് മടിക്കുന്നില്ല. സാധാരണ പോര്‍ട്രെയ്റ്റുകളില്‍ ഒരു മുഖമേ കാണുകയുള്ളു. എന്നാല്‍ ബേബിമാഷിന് ഇരുമുഖങ്ങളുണ്ട്. കടുത്ത വിഷാദവും ഉന്മാദവും മാറിമാറി അനുഭവിക്കേണ്ടിവന്ന ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിന്റെ നാളുകളെ മാഷ് വിവരിക്കുമ്പോള്‍ (ഇരുമുഖങ്ങളുള്ള ഒരു ജീവിതം) ചിരിക്കണോ കരയണോ എന്ന് സംശയിച്ചുപോകും. ഉന്മാദത്തില്‍നിന്നു വിഷാദത്തിലേക്കും തിരിച്ചും ഉള്ള ഈ ഊഞ്ഞാലാട്ടം അസഹ്യമാണ്. ആട്ടം സഹിക്കാതെ ആത്മഹത്യ ചെയ്യുന്നവരുണ്ട്. എന്നാല്‍
“ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ
ഉഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം”
എന്ന വൈലോപ്പിള്ളിയുടെ വരികളിലെ ജീവിതസങ്കീര്‍ത്തനമാണ് ബേബിമാഷക്ക് മൃതസഞ്ജീവനിയായത്. മാഷക്ക് കവിതതന്നെ ഔഷധം; കവിതാലാപനംതന്നെ ജീവനം!

എന്റെ ഒരനുഭവം കൂടി ഓര്‍മ്മിച്ചുകൊണ്ട് ബേബി മാഷുടെ ഓര്‍മ്മത്താളുകള്‍ അടച്ചുവെക്കാം. തൊണ്ണൂറുകളുടെ തുടക്കം. ഒറ്റപ്പാലത്ത് ഒരു കവിസമ്മേളനം. വായനകഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഒരാള്‍ വന്ന് ചോദിച്ചു:
“അപ്പോള്‍ നിങ്ങളാണല്ലേ പി പി രാമചന്ദ്രന്‍! ഞാന്‍ കരുതിയത് പ്രായമുള്ള ഒരാളാവും എന്നാണ്. കണ്ടാല്‍ നിങ്ങള്‍ എന്നേക്കാളും എത്രയോ ചെറുപ്പം!”
‘കാകാചാര്യന്‍’ എന്ന എന്റെ കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ട് അധികമായിരുന്നില്ല. ഞാന്‍ ഒന്നു ചമ്മി. ചിരിച്ച് സൗഹാര്‍ദ്ദം ഭാവിച്ചു.
“എന്റെ പേര് കെ.വി. ബേബി.”
“അറിയാം. പരിചയപ്പെട്ടതില്‍ സന്തോഷം.” ഞാന്‍ പറഞ്ഞു.
ആ പരിചയം കണ്ണിമുറിയാതെ തുടര്‍ന്നു. പല വേദികളില്‍ ഒരുമിച്ച് കവിത വായിച്ചു. അക്കാദമി വരാന്തയിലും മരച്ചുവട്ടിലും നിന്നു സംസാരിച്ചു പുതുക്കി. ഇപ്പോള്‍ ഇങ്ങനെ അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ അവതാരകനുമായി. നന്ദി മാഷേ. കവിതയില്ലെങ്കില്‍ പിന്നെ നിങ്ങളും ഞാനും തമ്മിലെന്ത്?